-ഷാജിൽ അന്ത്രു
സാഹിത്യം, കല – തുടങ്ങിയ രൂപങ്ങൾ “സൃഷ്ടിച്ചു പോകുമ്പോൾ” ആണ് മഹത്തരമാകുന്നത്. അല്ലാതെ “ബോധപൂർവം സൃഷ്ടിക്കുമ്പോൾ അല്ല”.
വളരെ കാലമായി സാഹിത്യമേഖല “കൃത്രിമ ബുദ്ധി” യാൽ “ജീവി” പദം കൈയടക്കിയവരുടെ കൈയിലാണ്. അവരാണ്, ആരൊക്കെയാണ് കവികൾ-കഥയെഴുത്തുകാർ- സാഹിത്യകാരന്മാർ -എന്നൊക്കെ തീരുമാനിക്കുന്നത്. അവരുടെ ഇടയിൽ മാത്രമാണ് -അല്ലെങ്കിൽ അവർ തീരുമാനിക്കുന്നവരുടെ ഇടയിലാണ് അവാർഡുകൾ, സ്ഥാനങ്ങൾ, എന്നിവയുടെ വീതം വെയ്പ്പ് നടക്കുക.
എന്നാൽ സാങ്കേതിക വിദ്യ വളർന്നതോടെ, യന്ത്രവല്കരിച്ച കൃത്രിമബുദ്ധി (AI) തന്നെ വികസിപ്പിച്ചെടുത്തിരിക്കുന്നു. മേൽപറഞ്ഞ കൃതിമബുദ്ധിജീവികളെ കടത്തിവെട്ടാൻ പാകത്തിന്, പുതുയുഗ കൃത്രിമ ബുദ്ധി സാഹിത്യത്തിന്റെ അടിസ്ഥാന സത്യങ്ങളെയും സൃഷ്ടിപരമായ ആത്മാവിനെയും വെല്ലുവിളിക്കുന്നു.
ഈ പുതിയ വെല്ലുവിളിയുടെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണമാണ്, 2026-ലെ കോമൺവെൽത്ത് ചെറുകഥാ പുരസ്കാര വിവാദം. വർഷങ്ങളായി കോമൺവെൽത്ത് ഫൗണ്ടേഷനുമായി സഹകരിച്ച് വിജയികളായ കഥകൾ പ്രസിദ്ധീകരിച്ചിരുന്ന പ്രശസ്ത സാഹിത്യ മാസികയായ ഗ്രാന്റ അപ്രതീക്ഷിതമായി ആ പങ്കാളിത്തത്തിൽ നിന്ന് പിന്മാറി.
കാരണം,മറ്റൊന്നുമല്ല, കരീബിയൻ മേഖലാ വിജയിയായ ജമീർ നസീറിന്റെ The Serpent in the Grove എന്ന കഥയായിരുന്നു. കഥ പ്രസിദ്ധീകരിച്ചതിനു പിന്നാലെ നിരവധി വായനക്കാരും എഴുത്തുകാരും അതിലെ ഭാഷാശൈലിയിൽ കൃത്രിമബുദ്ധിയുടെ അടയാളങ്ങൾ കണ്ടെത്തിയതായി ആരോപിച്ചു. ചില AI പരിശോധനാ സംവിധാനങ്ങൾ കഥ പൂർണമായും AI സൃഷ്ടിച്ചതാകാമെന്ന വിലയിരുത്തലും മുന്നോട്ടുവച്ചു. എഴുത്തുകാരൻ ഈ ആരോപണങ്ങൾ നിഷേധിച്ചെങ്കിലും, സംശയത്തിന്റെ നിഴൽ മാറിയില്ല.
ഇവിടെ ഏറ്റവും പ്രാധാന്യമുള്ളത് ഒരു കഥ AI ഉപയോഗിച്ചാണോ എഴുതിയതെന്ന ചോദ്യം മാത്രമല്ല. സാഹിത്യരംഗം ഇതുവരെ ആശ്രയിച്ചിരുന്ന വിശ്വാസത്തിന്റെ സംവിധാനമാണ് ചോദ്യം ചെയ്യപ്പെട്ടത്. ഒരു രചനയുടെ പിന്നിൽ മനുഷ്യന്റെ സൃഷ്ടിപരമായ ബോധമുണ്ടോ, അതോ യന്ത്രത്തിന്റെ ഭാഷാ മാതൃകകളോ, മാറ്റിയെഴുത്തുകളോ എന്നത് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലേക്ക് സാഹിത്യം നീങ്ങുകയാണ്.
“മാറ്റിയെഴുത്ത്” എന്ന ആശയം സാഹിത്യചരിത്രത്തിന്റെ ഭാഗമായ സ്വാധീനങ്ങൾ, പുനർവായനകൾ, പുനരാഖ്യാനങ്ങൾ, രൂപാന്തരങ്ങൾ എന്നിവയുമായി കൂട്ടികുഴയ്ക്കേണ്ടതില്ല.
AI കാലഘട്ടത്തിലെ മാറ്റിയെഴുത്ത് തികച്ചും വ്യത്യസ്തമാണ്. ഇവിടെ ഒരു എഴുത്തുകാരന്റെ ഭാഷയും ശൈലിയും ചിന്താപദ്ധതിയും അനുകരിച്ച് യന്ത്രം പുതിയ പാഠങ്ങൾ നിർമ്മിക്കുന്നു. ഈ പ്രക്രിയയിൽ സൃഷ്ടിയുടെ ആത്മാവ് നഷ്ടപ്പെടുന്നു. വാക്കുകൾ ഉണ്ടാകുന്നു. അനുഭവം ഇല്ലാതാകുന്നു. കഥ ഉണ്ടാകുന്നു.
സാഹിത്യത്തിന്റെ മഹത്വം അതിന്റെ അപൂർണതകളിലാണ്. എഴുത്തുകാരൻ നേരിടുന്ന സംഘർഷങ്ങളിലാണ്. വികാരങ്ങളും ഭാഷയുടെ അതിരുകളുമായുള്ള പോരാട്ടങ്ങളിലാണ്.
ഗ്രാന്റയുടെ പിന്മാറ്റം ഒരു സ്ഥാപനത്തിന്റെ ഭരണപരമായ തീരുമാനം മാത്രമല്ല. അത് ലോകസാഹിത്യരംഗം നേരിടുന്ന പ്രതിസന്ധിയുടെ പ്രതീകമാണ്. ഒരു പ്രമുഖ സാഹിത്യസ്ഥാപനം തന്നെ വിശ്വാസ്യതയുടെ പ്രശ്നം ചൂണ്ടിക്കാട്ടി സഹകരണം അവസാനിപ്പിക്കേണ്ടി വന്നത് ഭാവിയിൽ കൂടുതൽ കർശനമായ പരിശോധനകളും പുതിയ നൈതിക മാനദണ്ഡങ്ങളും ആവശ്യമായി വരുമെന്ന സൂചനയാണ്.
നമ്മൾ വായിക്കുന്ന സൃഷ്ടി, സത്യസന്ധമായ രചനയാണോ, ഒരു ഡാറ്റ ഉത്പന്നമാണോ എന്നത് കണ്ടെത്തുക ഒരു വെല്ലുവിളിയാണ്. ഗ്രാന്റ–കോമൺവെൽത്ത് വിവാദം സാഹിത്യചരിത്രത്തിൽ മറ്റൊരു മുന്നറിയിപ്പായി മാറിയിരിക്കുന്നു. അത് ഒരു പുരസ്കാര വിവാദം മാത്രമല്ല;
മനുഷ്യസൃഷ്ടിയും യന്ത്രസൃഷ്ടിയും തമ്മിലുള്ള സംഘർഷത്തിന്റെ ആദ്യത്തെ വലിയ പൊതു വിചാരണ കൂടിയാണ്.

