പായിപ്ര രാധാകൃഷ്ണൻ

മൂന്ന് പതിറ്റാണ്ടിലേറെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്റെ സഹയാത്രികനെന്ന നിലയിൽ വീണ്ടും തൃശൂരിൽ അരങ്ങുണരുമ്പോൾ ഓർമ്മകളും ഉത്കണ്ഠകളും സജീവമാകുന്നു.പുറമേ വർണപ്പകിട്ടും അലഭാരങ്ങളും ഏറി വരുമ്പോഴും യുവജനോത്സവ നടത്തിപ്പിലും അകത്തളങ്ങളിലും രാഷ്ട്രീയവൽക്കരണം ശക്തിപ്രാപിക്കുന്നതാണ് ഉത്ക്കണ്ഠക്ക് നിദാനം. യുവജനോത്സവ സംഘാടനത്തിൽ അധ്യാപകർ വഹിക്കുന്ന പങ്കിനെ കുറച്ചു കാണേണ്ടതില്ല. പക്ഷേ അധ്യാപക സംഘടനകളുടെ വീതംവെപ്പുകളിലും കിടമൽസരങ്ങളിലും അതിൻറെ തിളക്കം മങ്ങാനിടെയാവാറുണ്ട്.

1993 ൽ തൃശ്ശൂരിൽ നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിലേക്ക് ക്ഷണിച്ചത്, അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും സഹൃദയനുമായ ഇ.ടി. മുഹമ്മദ് ബഷീറാണ്. അന്നു ഞാൻ സാഹിത്യ അക്കാദമി സെക്രട്ടറിയാണ്. യുവജനോത്സവ പ്രതിഭകൾ വിധികർത്താക്കളുമായി നടത്തുന്ന സാംസ്കാരിക സംവാദം ആരംഭിച്ചത് ആ വർഷമാണ്. സുകുമാർ അഴീക്കോട്, ചെമ്മനം ചാക്കോ, നെല്ലിയോട് വാസുദേവൻ നമ്പൂതിരി, നെല്ലായി കൃഷ്ണമൂർത്തി, കാർട്ടൂണിസ്റ്റ് സുകുമാർ, വി. എം.കുട്ടി തുടങ്ങി വിവിധ രംഗങ്ങളിലെ പ്രഗത്ഭമതികൾ അന്നത്തെ സംവാദത്തിൽ പങ്കെടുത്തിരുന്നു. എനിക്കായിരുന്നു മോഡറേറ്ററുടെ ചുമതല. എല്ലാ വേദികളും നിർത്തിവച്ച് ഒന്നാമത്തെ വേദിയിൽ നടന്ന ആ സംവാദം വ്യത്യസ്തവും പുതുമയാർന്നതും ആയിരുന്നു. തുടർന്ന് കണ്ണൂരും കോഴിക്കോടും എറണാകുളത്തും സാംസ്കാരിക സംവാദം ഗംഭീരമായി തുടർന്നു. എറണാകുളത്ത് കലാപ്രതിഭകൾക്ക് പകരം ഉദ്ഘാടന വേദി രാഷ്ട്രീയക്കാർ കയ്യടക്കുന്നതിനെതിരെ ചുള്ളിക്കാട് ആളിപ്പടർന്നതോർക്കുന്നു. കാലക്രമത്തിൽ അത് നിലച്ചു പോയത് എന്തുകൊണ്ടാണെന്ന് അറിയില്ല. പ്രഥമ യുവജനോത്സവ മാനുവൽ പരിഷ്കരണ സമിതിയിൽ വിദഗ്ദ്ധ അംഗം, തൊടുപുഴ- എറണാകുളം – ആലപ്പുഴ യുവജനോത്സവ ചീഫ് എഡിറ്റർ, മൂന്നു പതിറ്റാണ്ട് മുടങ്ങാതെ വിധി കർത്താവ്, എന്നിങ്ങനെ പ്രവർത്തിക്കാൻ ആയത് ഹൃദ്യമായ യുവജനോത്സവ സ്മൃതിയത്രേ.

വിധി നിർണയത്തിൽ നിലനിൽക്കുന്ന ഒരു പോരായ്മ പറയാതെ വയ്യ. മാർക്കിനു പകരം എല്ലാവരെയും വെട്ടി നിരത്തുന്ന ഗ്രേഡ് ആക്കിയതിൽ അപാകതയുണ്ട്. 14 പേർ മത്സരിക്കുന്ന ഒരിനത്തിൽ തന്റെ സ്ഥാനം എവിടെയെന്ന് കൃത്യമായി അറിയാൻ മത്സരാർത്ഥിക്കും, അത് വെളിപ്പെടുത്താൻ വിധികർത്താവിനും കഴിയണം. മത്സരിക്കുന്നവർക്കൊക്കെ എ ഗ്രേഡ് കൊടുത്ത് തടിതപ്പുന്ന രീതി സുതാര്യമല്ല. മത്സരിക്കുന്നവരുടെ നില കൃത്യമായി രേഖപ്പെടുത്താനും അത് സുതാര്യമായി വെളിപ്പെടുത്താനും വിധി കർത്താവിന് ബാധ്യതയുണ്ട്. മത്സരാർത്ഥികളുടെ സൂക്ഷ്മ വ്യത്യാസങ്ങളെ അടയാളപ്പെടുത്താൻ മാർക്കിനെ കഴിയൂ.

മത്സരത്തിലെ മികച്ച കഥയും കവിതയും എല്ലാവർക്കും ലഭ്യമായത് ഏറെക്കാലത്തെ മുറവിളികൾക്ക് ശേഷമാണ്. ഇപ്പോഴും രചന മത്സരവേദികൾ താരതമ്യേന അവഗണിക്കപ്പെട്ട അവസ്ഥയിലാണ്. നിഷ്പക്ഷമായി വിധി നിർണയത്തെ തുരങ്കം വയ്ക്കുന്ന സന്ദർഭങ്ങൾ ചില ഇനങ്ങളിലെങ്കിലും ആവർത്തിക്കപ്പെടുന്നുണ്ട്.

പാവപ്പെട്ട ഒരു കുട്ടിക്ക് കഴിവുകൊണ്ട് മാത്രം തിളങ്ങാനാവുന്ന അവസ്ഥയല്ല ഇന്നും നൃത്ത വേദിയിൽ ഉള്ളത്.

സ്വർണക്കപ്പ് നിർദേശിച്ച, യുവജനോത്സവങ്ങളിൽ വിധികർത്താവായിരുന്ന, വൈലോപ്പിള്ളിയുടെ നഗരത്തിലേക്ക് യുവജനോത്സവം വന്നിരിക്കുന്നു. സ്വർണം ചെമ്പായി മാറുന്ന ഇന്ദ്രജാലം മാധ്യമങ്ങളിൽ ഇന്ന് നിറഞ്ഞുനിൽക്കുന്നു. യഥാർത്ഥ പ്രതിഭകൾ തനി തങ്കമായി തിളങ്ങുന്ന വേദികളായി യുവജനോത്സവം മാറേണ്ടതുണ്ട്.

പരിശീലനം കൊണ്ട് രാകി, രാകി മിനുക്കി എടുക്കുന്ന, ആളും ആരവവും ഏറുന്ന ഗ്ലാമർ ഇനങ്ങൾ ഒരുവശത്ത്,വ്യക്തിപ്രതിഭ കൊണ്ടും സ്വന്തം പരിശ്രമം കൊണ്ടും അരങ്ങിൽ തിളങ്ങുന്ന ഇനങ്ങൾ മറുവശത്ത്. കഥ, കവിത, ചിത്രരചന തുടങ്ങിയ വേണ്ടത്ര പരിഗണന കിട്ടാത്തവർ മറ്റൊരിടത്ത്.

അവസാനത്തെ ബസ്സും പോയിക്കഴിഞ്ഞ്, ഇരുട്ടിലേക്ക് മായുന്ന യാത്രക്കാരന്റെ അവസ്ഥയാണ് പലപ്പോഴും വിജയികളുടെത്. വളരെ അപൂർവമായെ ഈ പ്രതിഭകളെ പിന്നീട് കലാസാഹിത്യ രംഗങ്ങളിൽ കണ്ടുമുട്ടാൻ ഇട വരാറുള്ളൂ.

* * *