സതീഷ് ജി നായർ

ഏതു കൊടിയ വേനലിലും കൊഴിഞ്ഞു വീഴാൻ അനുവദിക്കാതെ ചില ഇലകളെ ചില്ലകൾ മുറുകെ പിടിക്കും. അതുപോലെ ചില മനുഷ്യരുണ്ട്. അവർ നമ്മളെ കൊഴിഞ്ഞുവീഴാൻ അനുവദിക്കാതെ ചേർത്തുപിടിച്ച് സ്നേഹം കൊണ്ട് എപ്പോഴും നമ്മളെ അതിശയിപ്പിച്ചുകൊണ്ടിരിക്കും. അങ്ങനെയൊരാളായിരുന്നു പാർവതി ശങ്കർ എന്ന ഞങ്ങളുടെ പ്രിയപ്പെട്ട പാർവതി ടീച്ചർ.
28 വർഷം ലൈബ്രേറിയൻ എന്ന നിലയിൽ സേവനം പൂർത്തിയാക്കി ആഗസ്റ്റ് 31ന് ടീച്ചർ തിരുവനന്തപുരം കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ നിന്നും വിരമിച്ചു കൊണ്ട് ഗ്രേസി ടീച്ചറിന്റെ ‘പടിയിറങ്ങിപ്പോയ പാർവതി’ എന്ന കഥയിലെ കഥാപാത്രത്തെ പ്പോലെ ബാലഭവനിലെ പടികൾ ഇറങ്ങിപ്പോയി.1998 മുതൽ 2026 ആഗസ്റ്റ് വരെയുള്ള കാലഘട്ടത്തിൽ ജവഹർ ബാലഭവൻ ലൈബ്രറിയെ സൗമ്യവും സർഗാത്മവുമാക്കിത്തീർത്ത വ്യക്തിയാണവർ. യാത്രകൾ ഇഷ്ടപ്പെടുന്ന ടീച്ചർ ഇതിനോടകം 17 ഓളം രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്. ബാലഭവനിലെ യുവതലമുറയിലെ ഞങ്ങൾ പല അധ്യാപകർക്കും ഒരു തണൽമരമായിരുന്നു ടീച്ചർ. ഏതു വേനലിലും തണലായി മാറിയ ആർദ്രമായ സ്നേഹത്തിന്റെ ഒറ്റ മരം.

2023 ഏപ്രിലിലാണ് തിരുവനന്തപുരം ജവഹർ ബാലഭവനിൽ നാടകത്തിന്റെ അധ്യാപകനായി ഞാൻ എത്തുന്നത്. കുട്ടികളുടെ വലിയ ലോകം. ചുറ്റും പലതരത്തിലുള്ള കലാവിഷയങ്ങളുടെ ക്ലാസ്സുകൾ. ഞാൻ അവിടെ പുതിയ ആളായിരുന്നതിനാൽ ഒരു അപരിചിതത്വം എന്നെ പൊതിഞ്ഞുപിടിച്ചിരുന്നു. കുട്ടികളുമായി നാടകം കളിയിലൂടെയും കാര്യത്തിലൂടെ യും പോയിക്കൊണ്ടിരിക്കുമ്പോൾ ഒരിക്കൽ എന്റെ ക്ലാസ് മുറിയിലേക്ക് ഒരാൾ നടന്നുവരുന്നു. പ്രഥമദൃഷ്ടിയിൽ ത്തന്നെ അത് ടീച്ചറാണെന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു. എനിക്ക് നേരെ ഒരു ക്ഷണക്കത്ത് നീട്ടിയിട്ട് ടീച്ചർ പറഞ്ഞു: “സാർ മോന്റെ കല്യാണമാണ് വരണേ…”. വലിയ സന്തോഷം തോന്നിയ നിമിഷങ്ങൾ. ഞാൻ ചോദിച്ചു.
“എന്താ ടീച്ചറുടെ പേര്?”
“പാർവതി”.
ഇവിടുത്തെ ലൈബ്രേറിയനാണെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ചിരിച്ചുകൊണ്ട് കടന്നുപോവുകയും ചെയ്തു. ബാലഭവനിൽ വന്നപ്പോൾ എനിക്ക് ആദ്യമായി കിട്ടിയ ഒരു ക്ഷണമായിരുന്നു അത്. എന്റെ നാടക ക്ലാസിൻ്റെ തൊട്ടടുത്ത ക്ലാസിലെ കീബോർഡ് അധ്യാപകനായ ബെനഡിക് സാർ കല്യാണത്തിന്റെ തലേദിവസം എന്നെ ഓർമിപ്പിച്ചു, “സാർ നാളെ നമുക്ക് കല്യാണത്തിന് പോകണം. അന്നത്തെ ഇടവേളയിൽ ഞാനും ബെനഡിക് സാറും വെള്ളയമ്പലത്തിൽ നിന്നും നടന്നു നടന്ന് വഴുതക്കാട് കല്യാണ മണ്ഡപത്തിലെത്തി. ബാലഭവനിലെ അധ്യാപകരെ എല്ലാവരെയും അവിടെ കാണാൻ കഴിഞ്ഞു. എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെട്ട ഒരാളാണ് പാർവതി ടീച്ചർ എന്ന് അപ്പോൾ മനസ്സിലായി. കല്യാണവും കൂടി തിരികെ ബാലഭവനിലേക്ക് വന്നു. നാടക കളികളുമായി വീണ്ടും കുട്ടികളോടൊപ്പം കൂട്ടുകൂടി. ദിവസങ്ങൾ അങ്ങനെ കടന്നുപോയി.
ബാലഭവനിൽ ക്ലാസുകൾക്കിടയിൽ കുട്ടികളുടെ കൂട്ടത്തിൽ ചിലപ്പോഴൊക്കെ ടീച്ചറിനെ കാണുമ്പോൾ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചുകൊണ്ട് കടന്ന് പോകും അത്രമാത്രം. 2023 കേരള സർക്കാരിന്റെ കേരളീയം പരിപാടി വന്നപ്പോൾ അന്നത്തെ പ്രിൻസിപ്പൽ മാലിനി ടീച്ചറിന്റെ നിർദ്ദേശം അനുസരിച്ച് ബാലഭവൻ അധ്യാപകരെയും വിദ്യാർഥികളുടെയും ഉൾപ്പെടുത്തി ഒരു ഡോക്യൂ ഡ്രാമ സംവിധാനംചെയ്യാൻ അവസരം ലഭിച്ചു. പാർവതി ടീച്ചറും അതിൻ്റെ ഭാഗമായിരുന്നു. അന്നുമുതലാണ് ടീച്ചറിനെ കൂടുതൽ പരിചയപ്പെടുന്നത്. ആ പരിപാടി വളരെ ഗംഭീരമായി അവതരിപ്പിക്കപ്പെട്ടു. ബാലഭവൻ ചരിത്രത്തിൽ ഇങ്ങനെ ഒരു പരിപാടി ആദ്യമായിട്ടാണെന്നു പറഞ്ഞുകൊണ്ട് ടീച്ചർ എന്നെ അഭിനന്ദിച്ചു. അതൊരു വലിയ അംഗീകാരമായി ഞാനിന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നു. ഈ പരിപാടിയ്ക്കു ശേഷമാണ് പാർവ്വതിടീച്ചറുമായി കൂടുതൽ സൗഹൃദത്തിലാകുന്നത്.
അതിനുശേഷം ഞാൻ ലൈബ്രറിയിലെ നിത്യസന്ദർശകനായി. സാഹിത്യത്തെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും ടീച്ചറുമായി സംസാരിക്കാറുണ്ട്. കലാപരമായ എന്റെ എല്ലാത്തരത്തിലുള്ള പ്രവർത്തനങ്ങൾക്കും നൽകുന്ന ടീച്ചറുടെ പ്രോത്സാഹനം മറക്കാൻ കഴിയാത്ത ഒന്നാണ്. എന്റെ പുസ്തക പ്രകാശനത്തിനും ബാലഭവന് പുറത്ത് ഞാൻ അവതരിപ്പിക്കുന്ന നാടകങ്ങൾ കാണാനും ടീച്ചർ സമയം കണ്ടെത്തി എത്തിയിരുന്നു. ഏതു സിനിമ ഇറങ്ങിയാലും റിലീസ് ചെയ്യുന്ന ആഴ്ച തന്നെ ആ സിനിമ കാണുമായിരുന്നു. സിനിമയും സാഹിത്യവും നാടകവും ഒക്കെ ഇഷ്ടപ്പെടുന്ന ടീച്ചറിലേക്ക് എന്നെ കൂടുതൽ അടുപ്പിച്ചു. ബാലഭവനിൽ ക്ലാസ് എടുക്കാൻ വരുന്ന സമയങ്ങളിൽ കുറഞ്ഞത് പത്തു മിനിറ്റെങ്കിലും ടീച്ചറോട് സംസാരിച്ചിട്ടാവും ഞാൻ ക്ലാസിലേക്ക് പോകുക. ഒരു അമ്മയുടെ കരുതലും ചേച്ചിയുടെ വാത്സല്യവും സുഹൃത്തിന്റെ സ്നേഹവും ഒന്നിച്ചൊഴുകി ആർദ്രമായി മനസ്സിൽ തൊടുന്നത് പോലെയായിരുന്നു ടീച്ചറുടെ ഇടപെടൽ. ഓരോ ഞായറാഴ്ചകളിലും ടീച്ചർ നമുക്കായി വ്യത്യസ്തവും രുചികരവുമായ പ്രഭാത ഭക്ഷണം കൊണ്ടു വരുമായിരുന്നു. ഞാനും യോഗടീച്ചർ കൂടിയായ പ്രിയസുഹൃത്ത് പ്രവീണയും അതിനായി കാത്തിരിക്കുമായിരുന്നു. എന്തിനാണ് സതീഷ് സാറിന് ടീച്ചർ ഫുഡ് കൊണ്ടുവരുന്നതെന്ന് ഒരിക്കൽ യോഗ ക്ലാസിലെ ഒരു കുട്ടി ചോദിച്ചു.
ടീച്ചർ ചിരിച്ചുകൊണ്ട് പറഞ്ഞു: “അതെന്റെ അനിയൻ അല്ലേ. കൊണ്ടുവരാതിരിക്കാൻ പറ്റുമോ” എന്ന്.
അവധിക്കാല ക്ലാസുകളിലും റെഗുലർ ക്ലാസുകളിലും ഇടവേളകളിൽ ലൈബ്രറിയിൽ എത്തുന്ന കുട്ടികളെ അറിവിലേക്കും അക്ഷരങ്ങളിലേക്കും അടുപ്പിക്കുന്നതിനായി ടീച്ചർ സർഗ്ഗാത്മകമായ പലതരത്തിലുള്ള പരിപാടികൾ ചെയ്യുമായിരുന്നു. പലപ്പോഴും എനിക്കും അതിന്റെ ഭാഗമാകാൻ കഴിഞ്ഞിരുന്നു.ലൈബ്രറിയിൽ എത്തുന്ന കുഞ്ഞുമക്കൾക്ക് സമ്മാനങ്ങൾ നൽകിയിയും അവർക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ എടുത്തു നൽകിയും അവരോടൊപ്പം ആനന്ദിക്കുകയായിരുന്നു ആ ലൈബ്രേറിയൻ.
2026 ആഗസ്റ്റ് മാസം അവസാന ദിവസങ്ങളിൽ ഒന്നിൽ ടീച്ചറിന്റ വിരമിക്കൽ ചടങ്ങ് നടക്കുകയായിരുന്നു. പതിവിലും സന്തോഷവതിയായിട്ടാണ് ടീച്ചറിനെ അന്ന് കണ്ടത്. സങ്കടത്തിന്റെ നേരിയ ലാഞ്ഛന പോലും ആ മുഖത്തില്ലായിരുന്നു. എങ്കിലും പൊന്നുപോലെ നോക്കിയിരുന്ന ആ ലൈബ്രറിക്ക് താൻ പോകുമ്പോൾ എന്തു സംഭവിക്കും എന്നുള്ള ആകുലത ഏറ്റവും പ്രിയപ്പെട്ടവരോട് പങ്കുവച്ചിരുന്നു. വിരമിക്കൽ ചടങ്ങിൽ ആരുടെയും പേര് പറയാതെ തന്നെ എല്ലാവർക്കും ടീച്ചർ സ്നേഹാർദ്രമായ നന്ദി അടയാളപ്പെടുത്തി. ചടങ്ങ് കഴിഞ്ഞതിനുശേഷം ക്രാഫ്റ്റ് പഠിപ്പിക്കുന്ന അജിത ടീച്ചറുമായി സംസാരിച്ചിരിക്കുന്ന പാർവതി ടീച്ചറിന്റെ അരികിലേക്ക് ഞാനും ചെന്നിരുന്നു. സ്വാഭാവികമായി സംസാരിക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ തടഞ്ഞു നിർത്താൻ കഴിയാത്ത വിധം എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി…

