ജൂൺ ലിറ്ററേറ്റർ 2026
ആത്മാവിനെ ശൂന്യതയിലേക്ക് തള്ളിയിട്ടിരിക്കുന്നു. നിത്യതേജസ്സ് പ്രാണനില്‍ വിത്ത് പാകിയിട്ടില്ല. ശ്വാസത്തിന്റെ ഇതളുകള്‍ അടരുമ്പോള്‍ മണ്ണ് അമ്മയാകുന്നു. രക്ഷ നല്കാന് കഴിയുന്ന ഇടത്തിലേക്ക് അഭയം തേടിയിട്ടുണ്ട്. ആയുസ്സിന്റെ അപരാഹ്നത്തില്‍ മരിച്ചവര്‍ പാതാളത്തിലെ ചന്ദ്രശാലയിലാണ് കുടിയേറുന്നത്. മരണം ദൈവത്തെ വാഴ്ത്തുകയാണ്. കുഴിയിലേക്കിറങ്ങുന്നവര്‍ ശാന്തിയെ പ്രത്യാശിക്കുന്നു. ഒരു രാവും പകലും കഴിയും മുമ്പേ ഒന്നുമില്ലായ്മയുടെ ആലയത്തിലേക്ക് വിലയിച്ചിരിക്കുന്നു. ആദിയില്‍ തന്നെ അവിടുന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതാ ബലിപീഠത്തില്‍ അവര്‍ ചുവന്ന കാളകളെ സമര്‍പ്പിക്കുന്നു. തകര്‍ന്ന നുറുങ്ങിയ ഹൃദയം നിരസിക്കപ്പെട്ടതാണ്. തമസ്കരിക്കപ്പെട്ടതാണ്. അവഹേളിക്കപ്പെട്ടതാണ്. ശോകമാണ് മൃതരുടെ യാഗം. നാവ് ഏറ്റവും അന്ത്യനിമിഷത്തില്‍ അഹത്തില്‍ നീതി ഉദ്ഘോഷിക്കും. തുറക്കപ്പെട്ട അവസാനത്തെ അധരങ്ങളില്‍ ഒരു വാക്ക് അടരുന്നു: “ശാന്തി”. വസന്തത്തില്‍ വിടര്‍ന്ന മുഴുവന്‍ പൂക്കളെയും കൊണ്ട് മൃതരെ ശുദ്ധീകരിക്കുക. ആമോദത്തിന്റെ വചനങ്ങള്‍ കുളിര്‍പ്പിക്കുക. ദൈവങ്ങളുടെ ദൈവം ഒരു ശൂന്യതയാണ്. തലമുറയോളം വാഴുന്നത് നിത്യവിശ്രാന്തിയുടെ അറ തേടിയെത്തുന്നു. എത്ര നാഴികകള്‍ താണ്ടിയാണ് ആ മേട് ഇളകി ഒലിച്ച് വരുന്നത്. ശ്വാസം പൊയ്ക്കഴിയുമ്പോള്‍ മണ്ണിലേക്ക് മടങ്ങുന്നു. അന്ന് മൃതന്റെ യഥാര്‍ത്ഥ ജീവിതം തുടങ്ങുകയാണ്. ഐഹികമോ വെറും സ്വപ്നം മാത്രം. നിദ്രാടനം മാത്രം. ഇരുളില്‍ നിദ്ര പ്രാപിച്ചവരെ ഇരുള് ചൈതന്യം അവിടുത്തോടു കൂടി കൊണ്ടുവരും. ആ ആഗമനത്തില്‍ പ്രാണന് ശേഷിക്കുന്നവര്‍ മരിച്ചവരേക്കാള്‍ മുമ്പന്മാരായിരിക്കയില്ലെന്ന് വചനം ഓര്മ്മി പ്പിച്ചിട്ടുണ്ട്. മേഘങ്ങളില്‍ സംവഹിക്കപ്പെടുന്നത് മറ്റൊരു സ്വപ്നമാകുന്നു. ജീവനുള്ള സ്വപ്നം.
മരിച്ചവര്‍ മഴത്തുള്ളികളായി വിത്തുകളെ കിളിര്‍പ്പിക്കും. പച്ചപ്പുല്‍ത്തകിടിയില്‍ കിടത്തിയുറക്കിയ ഉടല്. നിശ്ചലമായ ജലം എഴുന്നേറ്റ് വന്ന് ചുംബിക്കുന്നു. പ്രാണനെ തണുപ്പിക്കുന്നു. മറയ്ക്കപ്പെട്ട പുകച്ചുരുളുകളില്‍ നിന്ന് മുഖം തേടുന്നതെന്താണ്. മൃതിയോടു കൂടെ മൃതപ്പെട്ടിരിക്കുന്നു. അവിടുത്തോടു കൂടി ജീവിക്കുന്നു. മൃതരോടു കൂടെ വാഴുന്നു. മരണം വിശുദ്ധ സന്തോഷത്തിന്റെ പൂന്തോപ്പാകുന്നു. അവിടെ നിയോഗങ്ങള്‍ നിശ്ശബ്ദം അനുഗമിക്കുന്നുണ്ട്. പ്രണയത്തിന്റെ ഭവനത്തില്‍ വളരെയേറെ വാസസ്ഥലമുണ്ട്. അതിലൊന്നാണ് മരണമെന്നറിയാം. വിഷാദികള്‍ വിരഹികള് വിതുമ്പുന്നവര് അനുഗ്രഹീതരാകുന്നു. എന്തു കൊണ്ടെന്നാല്‍ അവര്‍ ദൈവസാന്നിദ്ധ്യമുള്ളവരാകുന്നു. തിന്മകളാല് ആരോപിക്കപ്പെട്ടവര്‍ മര്‍ദ്ദിതര്‍ അവഹേളിതര്‍ അവര്‍ അനുഗ്രഹീതരാവുന്നു. കാരണം നിങ്ങള്‍ക്കുള്ള പ്രതിഫലം. ആസന്നമരണമാകുന്നു. എല്ലാ ശ്വാസങ്ങള്‍ക്കും നിത്യായുസ്സിന്റെ പ്രത്യാശ പൂത്തുല്ലസിക്കുന്നു. മൃതര്‍ക്ക് സന്തോഷത്തിന്റെ ഓഹരികള്‍ കാത്ത് നില്‍പ്പുണ്ട്. ജീവനും പുനരുദ്ധാനവും മരണമാകുന്നു. മരണത്തിന്റെ നിഴലിലുമിരിക്കുന്നവര്ക്ക് ഉന്നതത്തില് നിന്ന് പുതുമഴ വരുന്നുണ്ട്. അനന്തനിദ്രപ്രാപിച്ചവര്ക്ക് ഉയിര്പ്പിന് ഭാഗഭാക്കാകാനാകുമെന്നുള്ള പ്രത്യാശയുടെ നിദ്രാടനള് വഴിയൊരുക്കുന്നുണ്ട്. വിശുദ്ധ തൈലത്താല്‍ അഭിഷിക്തവും ദിവ്യകാരുണ്യത്താല്‍ പരിപോഷിതരുമായ മൃതനെ പുനര്‍ജീവന്‍ പ്രാപിക്കാന്‍ നിമിത്തങ്ങള്‍ ഇതളുകളാകുന്നുണ്ട്. തിരഞ്ഞെടുക്കപ്പെട്ടവരുടെ ഗണത്തി ല്‍ ഉയിര്‍പ്പിന്റെ സത്യത്തേലേക്ക് പങ്കാളിയാക്കണം. ബലികളുടെ ദിവ്യരഹസ്യത്തില്‍ പുനരുദ്ധാന ചിഹ്നത്താല്‍ അടയാളപ്പെടണം. ?

