ലണ്ടൻ: സാഹിത്യത്തിനുള്ള നൊബേൽ സമ്മാന ജേതാവായ Kazuo Ishiguro തന്റെ ഒമ്പതാമത്തെ നോവലായ Miss Lambert Steps Aboard Danger ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2027 മാർച്ച് 9-ന് പ്രസിദ്ധീകരിക്കാനിരിക്കുന്ന ഈ കൃതി അമേരിക്കയിൽ Knopfയും യുകെയിൽ Faberയും പ്രസിദ്ധീകരിക്കും. 2021-ൽ പുറത്തിറങ്ങി ലോകമെമ്പാടും ശ്രദ്ധ നേടിയ Klara and the Sun-ന് ശേഷം ആറു വർഷങ്ങൾക്കുശേഷമാണ് ഇഷിഗുറോയുടെ പുതിയ നോവൽ എത്തുന്നത്.
1938-ലെ ലണ്ടനാണ് നോവലിന്റെ പശ്ചാത്തലം. രണ്ടാം ലോകമഹായുദ്ധത്തിന്റെ വക്കിൽ നിൽക്കുന്ന ബ്രിട്ടനെ ആസ്പദമാക്കിയാണ് കഥ പുരോഗമിക്കുന്നത്. സംഗീതശാലകളുടെ ആരാധകനായ റിച്ചാർഡ് ഹാഡ്ലി ഒരു സംഗീതപരിപാടിക്ക് ശേഷം നിഗൂഢ സ്വഭാവമുള്ള മിസ് ലാംബർട്ടിനെ യാദൃച്ഛികമായി കണ്ടുമുട്ടുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. സംഗീതത്തോടും ആലാപനത്തോടുമുള്ള പൊതുവായ ഇഷ്ടം ഇരുവരെയും അടുപ്പിക്കുകയും തുടർന്ന് ഡെവണിൽ നടക്കുന്ന അതീവ രഹസ്യസ്വഭാവമുള്ള ഒരു സമ്മേളനത്തിലേക്ക് ഹാഡ്ലി അവളെ പിന്തുടരുകയും ചെയ്യുന്നു. പിന്നീട് ഗ്രാമീണ ആഡംബര ഹോട്ടലിലേക്കും സ്കോട്ട്ലൻഡിലേക്ക് പോകുന്ന ട്രെയിനിലേക്കും നീളുന്ന ആവേശകരമായ സംഭവവികാസങ്ങളിലൂടെയാണ് നോവൽ മുന്നേറുന്നത്.
പ്രസാധകരുടെ വിവരണം അനുസരിച്ച്, ചാരകഥയും സാഹസികതയും നർമ്മവും സമന്വയിപ്പിച്ച സവിശേഷമായ ഒരു രചനയായിരിക്കും “Miss Lambert Steps Aboard Danger”. ബ്രിട്ടീഷ് എഴുത്തുകാരനായ P. G. Wodehouse-ന്റെ രചനകളെ അനുസ്മരിപ്പിക്കുന്ന നർമ്മശൈലിയോടെയാണ് ഇഷിഗുറോയുടെ പുതിയ നോവൽ ഒരുക്കിയിരിക്കുന്നതെന്നും പ്രസാധകർ അറിയിച്ചു. സാഹിത്യലോകം ഏറെ പ്രതീക്ഷയോടെയാണ് ഈ പുതിയ കൃതിയുടെ വരവിനെ കാത്തിരിക്കുന്നത്.

