“കവിതയിലൂടെയും നിരൂപണങ്ങളിലൂടെയും മലയാള സാഹിത്യത്തെ സമ്പന്നമാക്കിയ പി. നാരായണക്കുറുപ്പിന്റെ വിയോഗം സാഹിത്യ-സാംസ്കാരിക ലോകത്തിന് തീരാനഷ്ടമാണ്. — ഷാജിൽ അന്ത്രു, ചീഫ് എഡിറ്റർ, ലിറ്ററേറ്റർ റീഡിഫൈനിംഗ് വേൾഡ് മാഗസിൻ
തിരുവനന്തപുരം: പ്രമുഖ മലയാള കവി, സാഹിത്യ നിരൂപകൻ, പദ്മശ്രീ ജേതാവ് പി. നാരായണക്കുറുപ്പ് (91) അന്തരിച്ചു. ജൂൺ 20-ന് തിരുവനന്തപുരത്തെ സ്വവസതിയിൽ വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.
1934 സെപ്റ്റംബർ 5-ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിൽ ജനിച്ച നാരായണക്കുറുപ്പ് സംഗീത-ക്ഷേത്രകലാ പാരമ്പര്യമുള്ള കുടുംബാന്തരീക്ഷത്തിലാണ് വളർന്നത്. ശാസ്ത്രത്തിലും വിദ്യാഭ്യാസശാസ്ത്രത്തിലും പഠനം പൂർത്തിയാക്കിയ അദ്ദേഹം ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം ഡിസ്റ്റിങ്ഷനോടെ നേടി. കേന്ദ്ര മന്ത്രാലയത്തിലെ സേവനത്തിനിടയിലായിരുന്നു ഈ അക്കാദമിക നേട്ടം കൈവരിച്ചത്.
കരുവാറ്റ എൻ.എസ്.എസ്. ഹൈസ്കൂളിൽ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന് കേന്ദ്ര സെക്രട്ടേറിയറ്റ് സർവീസ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, സെൻട്രൽ ഇൻഫർമേഷൻ സർവീസ് തുടങ്ങിയ സ്ഥാപനങ്ങളിൽ വിവിധ നിലകളിൽ സേവനമനുഷ്ഠിച്ചു. ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച വിജ്ഞാനകോശങ്ങളുടെ എഡിറ്ററായും കേരള കലാമണ്ഡലം ഗവേണിംഗ് ബോഡി അംഗമായും ഭോപ്പാലിലെ ഭരത് ഭവൻ ട്രസ്റ്റിയായും സൻസ്കാർ ഭാരതിയുടെ അഖിലേന്ത്യാ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. കഥകളി, കൂടിയാട്ടം തുടങ്ങിയ ക്ലാസിക്കൽ കലാരൂപങ്ങളിലെ നിപുണനും നിരൂപകനുമായിരുന്ന അദ്ദേഹം തപസ്യ ആർട്ട് ആൻഡ് ലിറ്ററേച്ചർ ഫോറത്തിന്റെ പ്രസിഡന്റും പിന്നീട് പാട്രണും മാർഗിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചു.
‘ഹംസധ്വനി’, ‘നിശാഗന്ധി’, ‘അസ്ത്രമാല്യം’, ‘അപൂർണതയുടെ സൗന്ദര്യം’, ‘സാമം സംഘർഷം’, ‘ഭൂപാളം’ തുടങ്ങിയ കവിതാസമാഹാരങ്ങളും ‘കവിയും കവിതയും’, ‘വൃത്തപഠനം’, ‘കാവ്യബിംബം’, ‘തനതുകവിത’ തുടങ്ങിയ നിരൂപണഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്. ‘ഈശ്വരന്റെ സ്വന്തം നാട്’ എന്ന യാത്രാവിവരണവും ‘ജവഹർലാൽ നെഹ്രു’ ജീവചരിത്രവും ഷേക്സ്പിയർ നാടകങ്ങളുടെയും ഗയ്ഥെയുടെ ‘ഫൗസ്റ്റ്’ കൃതിയുടെയും വിവർത്തനങ്ങളും അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളിൽ ഉൾപ്പെടുന്നു.
സാഹിത്യരംഗത്തെ സമഗ്ര സംഭാവനകൾക്ക് അംഗീകാരമായി 2022-ൽ പദ്മശ്രീ പുരസ്കാരം ലഭിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ അവാർഡ്, ഉള്ളൂർ അവാർഡ്, വള്ളത്തോൾ അവാർഡ്, കേരള പാണിനി പുരസ്കാരം, അമൃത കീർത്തി പുരസ്കാരം, സഞ്ചയൻ അവാർഡ് തുടങ്ങി നിരവധി ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
കവിത, നിരൂപണം, വിവർത്തനം, യാത്രാവിവരണം തുടങ്ങി മലയാള സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പി. നാരായണക്കുറുപ്പിന്റെ കൃതികളും സാംസ്കാരിക സംഭാവനകളും മലയാള സാഹിത്യചരിത്രത്തിൽ എന്നും സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ നിര്യാണത്തിൽ നിര്യാണത്തിൽ ലിറ്ററേറ്റർ റി ഡിഫൈനിംഗ് വേൾഡ് മാഗസിൻ പത്രാധിപസമിതി ആദരാഞ്ജലികൾ അർപ്പിക്കുന്നു.

