പ്രമുഖ കഥാകാരി കെ. ആർ. മല്ലിക അന്തരിച്ചു

Share

തിരുവനന്തപുരം: പ്രമുഖ കഥാകാരിയും സാഹിത്യ-സാംസ്കാരിക പ്രവർത്തകയുമായ കെ. ആർ. മല്ലിക (68) അന്തരിച്ചു. തിരുവനന്തപുരം കൈമനത്തായിരുന്നു സ്ഥിരതാമസം. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.

1958 മെയ് 24-ന് കൊല്ലം ജില്ലയിലെ തിരുമുല്ലവാരത്ത് പണ്ഡിറ്റ് എൻ. കൃഷ്ണന്റെയും രാജമ്മയുടെയും മകളായാണ് ജനനം. കൊട്ടിയം സി. എഫ്. ഹൈസ്‌കൂളിലും കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി.

ദേശാഭിമാനിയിലും ചിന്ത പബ്ലിഷേഴ്‌സിലും പ്രൂഫ് റീഡറായി പ്രവർത്തിച്ച മല്ലിക സാഹിത്യരംഗത്തും സാംസ്കാരിക സംഘടനാ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ സംസ്ഥാന കമ്മിറ്റി അംഗമായും കേരള സാഹിത്യ അക്കാദമി അംഗമായും പ്രവർത്തിച്ചു.

രണ്ടുതവണ അബുദാബി ശക്തി അവാർഡ് നേടിയിട്ടുള്ള മല്ലികയ്ക്ക് ഭാരത് ഭവന്റെ വിവർത്തന പുരസ്‌കാരവും ഗൃഹലക്ഷ്മി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 2020-ലെ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനാ പുരസ്‌കാരവും അവർക്ക് ലഭിച്ചു.

നാവ്, സമാന്തരം, മായാമാളവഗൗള, നിറങ്ങൾക്കപ്പുറം, വളയം, അമ്മ, കാലം മറക്കാത്ത കഥകൾ, കെ. ആർ. മല്ലിക 50 കഥകൾ, അകം എന്നിവയാണ് പ്രധാന കൃതികൾ. മലയാള കഥാസാഹിത്യത്തിന് തനതായ സംഭാവനകൾ നൽകിയ ഒരു എഴുത്തുകാരിയെയാണ് ഈ വിയോഗത്തിലൂടെ മലയാള സാഹിത്യത്തിന് നഷ്‌ടമായിരിക്കുന്നത്.

കെ ആർ മല്ലികയുടെ നിര്യാണത്തിൽ ലിറ്ററേറ്റർ റി ഡിഫൈനിംഗ് വേൾഡ് മാഗസിൻ പത്രാധിപ സമിതി ആദരാഞ്ജലികൾ അർപ്പിക്കുന്നു.

ഭർത്താവ്: കെ. പി. രവീന്ദ്രനാഥ്. മക്കൾ: നിമ ആർ. നാഥ്, നിശാന്ത് നാഥ്